ഫ്രീലാൻസായി ജോലി ചെയ്യുകയാണോ? നിങ്ങളും നൽകണം നികുതി !!
കൊവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം മാത്രമല്ല ഫ്രീലാൻസ് ജോലിയ്ക്ക് കീഴിൽ നേടുന്ന വരുമാനവും നികുതി ആകര്‍ഷിച്ചേക്കും.
ശമ്പള വരുമാനത്തിന് ക്ലെയിം ചെയ്യാവുന്ന സ്റ്റാൻഡേര്‍ഡ് ഡിഡക്ഷൻ ഫ്രീലാൻസ് ജോലിയിൽ നിന്നുള്ള വരുമാനത്തിന് ക്ലെയിം ചെയ്യാൻ ആകില്ല.
കൊച്ചി: കൊവിഡ് 19 നേ തുടര്‍ന്ന് പുതിയ ഒരു തൊഴിൽ സംസ്കാരം തന്നെ ഉടലെടുത്തിരിയ്ക്കുകയാണ്. മിക്കവരും വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മാറിയതാണ് പ്രധാനമാറ്റം. ഫ്രീലാൻസായി ജോലി ചെയ്യുന്നവരും വര്‍ധിച്ചു.
ഫ്രീലാൻസായി ജോലി ചെയ്യുന്നവരുടെ നികുതിയും ശമ്പളത്തിൻെറ ഗണത്തിൽ ആണ് പെടുത്തിയിരിക്കുന്നത്. 60 വയസിനു താഴെയുള്ള 2.5 ലക്ഷം രൂപ പ്രതിവര്‍ഷം വരുമാനം നേടുന്നവരാണ് നികുതി നൽകേണ്ടത്. ശമ്പള വരുമാനക്കാര്‍ക്ക് 50,000 രൂപ വരെ ഡോക്യുമെൻറുകൾ സമര്‍പ്പിയ്ക്കാതെ തന്നെ സ്റ്റാൻഡേര്‍ഡ് ഡിഡക്ഷൻ ഇനത്തിൽ ലഭ്യമാകും. എന്നാൽ ഫ്രീലാൻസ് ജോലിക്കാര്‍ക്ക് ഇങ്ങനെ സ്റ്റാൻഡേര്‍ഡ് ഡിഡക്ഷൻ ക്ലെയിം ചെയ്യാൻ ആകില്ല.
ഫ്രീലാൻസറുടെ വരുമാനം ബിസിനസിൽ നിന്നോ ജോലിയിൽ നിന്നോ ഉള്ള നേട്ടം എന്ന ഗണത്തിൽ പെടുത്തിയാണ് നികുതി ഈടാക്കുക. ഫ്രീലാൻസര്‍ എന്ന നിലയിൽ നേടിയ മൊത്തം വരുമാനം കണക്കാക്കിയാകും നികുതി. അതുപോലെ ജോലിയുമായി ബന്ധപ്പെട്ട എക്വിപ്മെൻറുകൾക്കും മറ്റ് മൂലധനച്ചെലവുകൾക്കും നികുതി ഇളവ് ക്ലെയിം ചെയ്യാനാകും.
ഫ്രീലാൻസര്‍മാര്‍ മാത്രമല്ല വിവിധ കമ്പനികളുടെ വര്‍ക്ക് ഫ്രം ഹോം പോളിസിയ്ക്ക് കീഴിൽ ജോലി ചെയ്യുന്നവരും നൽകണം നികുതി. വര്‍ക്ക് ഫ്രം ഹോം ആദായ നികുതി കൂട്ടാനുള്ള സാധ്യതയും കൂടുതലാണ്. ശമ്പളത്തിൽ ഉൾപ്പെടുന്ന യാത്രാ ബത്ത, വീട്ടു വാടക അലവൻസ് എന്നിവ ഈ വര്‍ഷം നികുതി വിധേയമായേക്കാം എന്നതിനാൽ ആണിത്.
വീട്ടു വാടക അലവൻസിന് പുറമെ ലീവ് -ട്രാവൽ അലവൻസ് ഉൾപ്പെടെയുള്ളവയും നികുതി പരിധിയിൽ വന്നേക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇവയ്ക്കായി മിക്കവരും തുക ചെലവഴിയ്ക്കുന്നില്ലാത്തതിനാൽ ആണിത്.