Spread the love through your share

ഹോണ്ട ടൂ വീലറിന്റെ ഓഗസ്റ്റിലെ വില്‍പ്പന 4 ലക്ഷം കടന്നു; കുതിപ്പ് തുടരാന്‍ 14 മോഡലുകള്‍
ഓഗസ്റ്റ് മാസത്തില്‍ 90 ശതമാനം ഡീലര്‍ഷിപ്പുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
Honda Hornet  

കോവിഡിന്റെ ഇടയിലും ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹോണ്ടയ്ക്ക് റെക്കോഡ് വില്‍പ്പന നേട്ടം സമ്മാനിച്ച് ഓഗസ്റ്റ് മാസം. നാല് ലക്ഷത്തിലധികം യൂണിറ്റിന്റെ വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4,28,231 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും 15,738 യൂണിറ്റിന്റെ കയറ്റുമതിയും ഉള്‍പ്പെടെ 4,43,969 യൂണിറ്റാണ് ഓഗസ്റ്റില്‍ ഹോണ്ടയില്‍നിന്ന് നിരത്തിലെത്തിയത്.

കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഓഗസ്റ്റ് മാസത്തില്‍ 90 ശതമാനം ഡീലര്‍ഷിപ്പുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് വലിയ നിലയില്‍ അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ട്. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ആളുകള്‍ യാത്രകള്‍ക്കായി സ്വന്തം വാഹനത്തെ ആശ്രയിക്കുന്നതാണ് വില്‍പ്പനയ്ക്ക് അനുകൂലമാകുന്നത്.

എല്ലാ വിധ സുരക്ഷ മുന്‍കരുതലും സ്വീകരിച്ച് ഹോണ്ട ടൂ വീലറുകളുടെ ഉത്പാദനം ഉയര്‍ത്തുകയാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പനയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും കുതിപ്പുണ്ടായിരിക്കുന്നത്. ജൂണില്‍ 2.02 ലക്ഷം, ജൂലൈയില്‍ 3.09 ലക്ഷം എന്നിങ്ങനെയായിരുന്നു വില്‍പ്പന.

അതേസമയം, ഈ നേട്ടം വരും മാസങ്ങളിലും തുടരാനുള്ള ശ്രമത്തിലാണ് ഹോണ്ട. ഇന്ത്യയില്‍ വരാനിരിക്കുന്ന ഉത്സവ സീസണില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പുതിയ ഹോര്‍നെറ്റ് 2.0 ഉള്‍പ്പെടെ 14 മോഡലുകളാണ് ഹോണ്ട വിപണിയില്‍ എത്തിച്ചിട്ടുള്ളതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മേധാവി അറിയിച്ചു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് ഹോണ്ട ഇത്രയും ഉയര്‍ന്ന വില്‍പ്പന റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ഓഗസ്റ്റ് മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് ഈ വര്‍ഷം ഒരു ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. അതേസമയം, ജൂലൈ മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് 38 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Honda two wheelar India crosses 4lac sales mark in India 2020
Honda Hornet 2.0X


Spread the love through your share